Thursday, December 4, 2014

സ്ത്രീകളെ ദൈവമായി കണ്ട നാടിനു ഇന്ന് എന്ത് സംഭവിച്ചു ??

സ്ത്രീകളെ ദൈവമായി കണ്ട നാടിനു ഇന്ന് എന്ത് സംഭവിച്ചു ??






സാംസ്കാരികമായും  സാമ്പത്തികമായും ഭൂമിശാസ്ത്രപരമായും ലോകത്തിന്റെ നെറുകയിൽ വിളങ്ങിയിരിക്കുന്ന നാടാണ് ഭാരതം. സ്ത്രീയെ വിദ്യ ആയും, ധനം ആയും, ശക്തി ആയും പല ദൈവിക സങ്കല്പങ്ങളിൽ ആരാധികുകയും ഉത്സവങ്ങൾ കൊണ്ടാടുകയും ചെയ്തിരുന്ന നാട്.ലോക രാഷ്ട്രങ്ങളിൽ തന്നെ സ്ത്രീകളെ ഇത്രയേറെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്തു പോന്നിരുന്ന  മറ്റൊരു നാടുമുണ്ടാവുകയില്ല.   "ഭാരത സ്ത്രീ തൻ ഭാവ ശുദ്ധി " എന്ന് കവികൾ അവളെക്കുറിച്ച് വാഴ്ത്തി പാടിയിരുന്നു.അങ്ങനെ സ്ത്രീകളെ അമ്മ ആയും ദേവി ആയും വാഴ്ത്തി പാടിയ ഭാരതത്തിനു ഇന്ന് എന്താണ് സംഭവിച്ചത്??അവൾ ഇന്നിവിടെ സുരക്ഷിതയാണോ ? പകൽ വെളിച്ചത്തിൽ പോലും പുറത്തിറങ്ങാൻ കഴിയാതെ വീട്ടിലെ ഇരുട്ട് മൂടിയ മുറിക്കുളിൽ അവളിന്ന് ഭയന്ന് വിറച്ചിരിക്കുകയാണ്.ആരാണ് ഈ അവസ്ഥക്ക് കാരണക്കാർ ? പുരുഷന്മാരോ ? അതോ സ്ത്രീകൾ തന്നെയോ ?? എങ്ങനെയാണു ഭാരത സംസ്കാരം ഇത്രയേറെ അധപതിച്ചത്? ഇതിനു ഒരു പോംവഴി ഇല്ലേ? ചർച്ച ചെയ്യേണ്ടിയിരിക്കുന്നു.

ഭാരതത്തിന്റെ ചരിത്ര പുസ്തക താളുകൾ പരിശോധിച്ചാൽ നമുക്ക് മനസിലാക്കുവാൻ കഴിയുന്നത്  എന്തെന്നാൽ സ്ത്രീകൾക്ക് പുരുഷനോളം തന്നെ പ്രാധാന്യം അന്നത്തെ കുടുംബത്തിലും സമൂഹത്തിലും ലഭിച്ചിരുന്നു എന്നതാണ്.ധീര വനിതകളായ ഝാൻസി റാണി,ചന്ദ് ബീവി, ജിജ ഭായ് , നൂർജഹാൻ. ലോകശ്രദ്ധ  നേടിയിട്ടുള്ള  എഴുത്തുകാരികളായ റാണി ജനാ ഭായ്,അക്ക മഹാദേവി,സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടിഷ്  പടകളോട് ചെറുത്തു നിന്നിരുന്ന സമര സേനാനികളായ ഭികാജി, ഡോക്ടർ ആനീ ബസന്റ് , വിജയലക്ഷ്മി പണ്ഡിറ്റ്‌, സുചേതാ കൃപാലിനി, കസ്തുർബ ഗാന്ധി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിധം മഹത് വനിതകൾക്ക് ജന്മം നല്കിയ നാടാണ് ഭാരതം. അടിച്ചമർത്തപെട്ടിരുന്നുവെങ്കിൽ ഇവർക്കൊന്നും ഇത്ര പ്രശസ്തിയാർജിക്കാൻ സാധിക്കുമായിരുന്നില്ല. വർത്തമാനകാലത്തും സ്ത്രീ ഉയർച്ചക്ക് യാതൊരു കുറവും സംഭവിച്ചതായി കാണുവാൻ സാധിച്ചിട്ടില്ല. പ്രഥമ വനിതയായും പ്രധാന  മന്ത്രി ആയും രാഷ്ട്രം ഭരിക്കുന്ന പാർട്ടിയുടെ മുഖ്യ പ്രവർത്തകയായും എല്ലാം സ്ത്രീകള് വിളങ്ങിയിടുണ്ട്. സ്ത്രീകൾക്ക് മുൻ‌തൂക്കം ലഭിക്കാത്തതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന വാദം നിഷേധാത്മകമാണ്‌. സ്ത്രീകൾക്കെതിരെയുള്ള  പീഡനങ്ങൾ എല്ലാ കാലയിളവുകളിലും ഒരുപോലെ തന്നെ ആയിരിക്കുന്നു.2012 ഡിസംബർ 12നു അർദ്ധരാത്രി ദില്ലി പട്ടണത്തിൽ നിർഭയ എന്ന 23കാരിയെ അതി ക്രൂരമായി ബലാൽസംഗം ചെയ്തു കൊലപെടുത്തിയ സംഭവം ലോക ജനതയെ തന്നെ ഞെട്ടിച്ചതാണ്. ജനങ്ങൾ അത് ഏറ്റ് എടുത്തതോടുകൂടി ഭാരതം ഒട്ടാകെ സ്ത്രീ പീഡനങ്ങൾക്ക് എതിരെയുള്ള പ്രതിഷേധ സ്വരങ്ങൾ അലയടിച്ചു.എന്നാൽ ഈ സംഭവത്തിന്‌ ഏകദേശം ഒരു വർഷത്തിനു  മുന്പ്   2011  ഫെബ്രുവരി 6നു തൃശൂർ വെച്ച് സൗമ്യ എന്ന പെണ്‍കുട്ടിയെ  ഓടികൊണ്ടിരുന്ന ട്രെയിനിൽ നിന്ന് തള്ളിയിട്ട് ബലാൽസംഗം ചെയ്ത് തലക്ക് അടിച്ചു കൊന്ന സംഭവം കേവലം ചാനലിലെ ചർച്ചകളിലും  തൃശൂർ ജില്ലയിലെ ഒരു ഹർത്താലിലും ഒതുങ്ങി കൂടിയതാണ്. ദില്ലിയിലെ സംഭവം അർദ്ധരാത്രിയിൽ ആണെങ്കിൽ തൃശ്ശൂരിൽ നടന്നത് ജീവിതമാർഗത്തിനായി ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയാണ് അതിക്രൂരമായി കൊലപെടുത്തിയത്. പ്രതികരിക്കുവാനുള്ള  ശേഷി നഷ്ടപെട്ട ഈ സമൂഹത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കുനതിൽ എന്താണ് അത്ഭുതം.

ഭാരതത്തിന്റെ ഒരുഭാഗം ലോകത്തിന്റെ നെറുകയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്നു. വ്യാവസായികമായും, സൈനികമായും, സാമ്പത്തികമായും ഭാരതം ഇന്ന് ലോക രാഷ്ട്രങ്ങളെ അസൂയപെടുത്തും വിധം വേഗതയിൽ കുതിക്കുകയാണ്.എന്നാൽ മറ്റൊരു ഭാഗം അതെ  വേഗതയിൽ താഴേക്ക് കൂപ്പു കുത്തുകയും ചെയ്തുകൊണ്ടിരിക്കുന്നു. സാംസ്കാരികമായും, മനുഷ്യാവകാശപരമായും ലോക രാഷ്ട്രങ്ങളുടെ ചർച്ചകളിൽ പരിഹസിക്കപെടുകയാണ് ഭാരതം. ഇന്ന്  ലോകത്തിൽ സ്ത്രീ  സുരക്ഷ എറ്റവും കുറഞ്ഞ രാജ്യങ്ങളിൽ ഭാരതം നാലാം സ്ഥാനത്താണ്. ജി20 രാജ്യങ്ങളുടെ പട്ടികയിൽ ആകുമ്പോൾ ഭാരതത്തിനു മുകളിൽ മറ്റൊരു രാജ്യവുമില്ല. 10 മാസം ചുമന്നു കൊണ്ട് നടന്ന് ജന്മം നല്കുന്നത് പെണ്‍കുഞ്ഞിനാണെങ്കിൽ ആ കുരുന്നു ജീവനെ അവിടെ വെച്ച് തന്നെ കൊന്നു കളയുനതാണ് നല്ലതെന്ന് അമ്മമാരെ ചിന്തിപിക്കുന്ന ഒരു കാലത്തിലേക്ക് അധികനാൾ ഉണ്ടാവില്ല എന്ന് വേണം പറയാൻ. അങ്ങനെ ഒരു അവസ്ഥയിലേക്കാണ് ഭാരത സംസ്കാരം ഊളിയിട്ടു പോയ്കൊണ്ടിരികുനത്. ആരാണ് ഈ അവസ്ഥക്ക് കാരണക്കാർ?? എങ്ങനെയാണു ഭാരതത്തിൽ ഇങ്ങനെയൊക്കെ കറുത്ത കാലം വന്നു പിണഞ്ഞത്? ഒരു ഭാഗം വാദിക്കുന്നത്,  പാശ്ചാത്യ സംസ്കാരത്തിലേയ്ക്കുള്ള സ്ത്രീപുരുഷ സഞ്ചാരത്തിന്റെ  വേഗതയിലുണ്ടായ വ്യത്യാസങ്ങളാണ് ഈ അവസ്ഥക്ക് കാരണം എന്നാണ്. വേഷ ധാരണങ്ങളിലും, ജീവിത രീതികളിലും സ്ത്രീകൾക്കുണ്ടായ പാശ്ചാത്യ സംസ്കാര സ്വാധീനം, പുരുഷന്മാർക്കുണ്ടായ സ്വാധീനത്തെക്കാൾ കൂടുതൽ  വേഗത്തിൽ ആയിപോയി എന്നതാണ്.  വേഷവിധാനങ്ങളിലും, ജീവിത രീതിയിലും മാത്രമാണ് പാശ്ചാത്യ സംസ്കാരത്തിലേയ്ക്കു  ഭാരതീയർ  കൂടുമാറിയിട്ടുള്ളത്.മാനസികമായി അത്രവേഗം മാറാൻ സാധികാതെ പോയതാണ് ഈ സംഭവങ്ങൾക്കൊക്കെ കാരണം എന്നാണ് ഈ ഭാഗത്തിന്റെ വാദം. എന്നാൽ മറ്റൊരു ഭാഗം വാദിക്കുനതു എന്തെന്നാൽ സ്ത്രീകൾ അബലകൾ ആണെന്നും അവർക്ക് ചെറുത്തു നില്കുവാന്നുള്ള കഴിവില്ലെന്നും അത് മൂലം പുരുഷന്മാർ ഈ ബലഹീനത നീചമായി ചൂഷണം ചെയുകയാണ് ചെയുന്നത് എന്നുമാണ്.സ്ത്രീകൾ ഒന്നടങ്കം ഉത്തരവാദികൾ അല്ലെങ്കിലും  ചിലരൊക്കെ സമൂഹത്തിൽ സ്ത്രീകൾക്കുണ്ടായിരുന്ന  ആദരവും വിലയും കളഞ്ഞുകുളിക്കും വിധമാണ് പെരുമാറുന്നതെന്നും ബഹുമാനം ലഭികണമെങ്കിൽ നാം ആ രീതിയിൽ പെരുമാറേണ്ടത് ആവശ്യമാണ് എന്നുമാണ് സ്ത്രീകളിൽത്തന്നെ ഒരു ഭാഗത്തിന്റെ വാദം.

ഇങ്ങനെ പരസ്പരം കുറ്റപെടുതിയിട്ടോ ഒഴിഞ്ഞുമാറിയിട്ടോ യാതൊരു പരിഹാരവും ഇവിടെ ഉരുത്തിരിയാൻ പോകുന്നില്ല എന്നതാണ് നാം മനസിലകേണ്ട ഒരു സത്യാവസ്ഥ.മനുഷ്യരിൽ സംസകാരത്തിന്റെ,പരസ്പര ബഹുമാനത്തിന്റെ വിത്ത് മുളപിക്കുവാൻ എന്താണ് മാർഗം എന്നാണ് നാം ചർച്ച ചെയേണ്ടത്.സമൂഹത്തിൽ നടന്നുവരുന്ന ഈ അധമ പ്രവർത്തികൾ തടയണമെങ്കിൽ  ഇരു കൂട്ടരും ഒരുപോലെ തന്നെ മനസർപിച്ചു പ്രവർത്തികെണ്ടിയിരിക്കുന്നു. സ്ത്രീ സുരക്ഷ ഉയർത്തികൊണ്ടു വരാനുള്ള ഒരു ആരോഗ്യപരമായ ചർച്ചയ്ക്ക് ഈ കുറിപ് ഒരു തുടക്കം  മാത്രം ആകട്ടെ.

No comments:

Post a Comment